മാസ്‌ക് മാറ്റിക്കൂടെ എന്ന് സിദ്ധിഖിന്റെ ചോദ്യം; എനിക്ക് അസുഖം വരാതിരിക്കാന്‍ അല്ലെന്ന് മറുപടി, സദസ്സില്‍ നിറകൈയ്യടി

കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എറണാകുളം കലൂരില്‍ ഒരുങ്ങിയ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. വേദിയിലിരിക്കുന്ന പലരും മാസ്‌ക് ധരിക്കാതെ ഇരുന്നപ്പോള്‍ ചടങ്ങിന് എത്തിയതുമുതല്‍ മാസ്‌ക്ക് മാറ്റാതെ സുരക്ഷിതത്വം പാലിച്ചും സിദ്ധിഖിന് മറുപടി നല്‍കിയുമാണ് മമ്മൂട്ടി ചടങ്ങില്‍ തിളങ്ങിയത്.

ഉദ്ഘാടന പ്രസംഗത്തിനായി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് നടന്‍ സിദ്ദിഖായിരുന്നു. മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടിയോട് മാസ്‌ക് ഊരിക്കൂടേയെന്ന് സിദ്ദിഖ് ചോദിച്ചു. പിന്നാലെയാണ് മാസ് മറുപടിയും എത്തിയത്. മാസ്‌ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നും താരം പറഞ്ഞു.

‘ എന്നോട് മാസ്‌ക് ഊരാന്‍ പറയുന്നുണ്ട്. മാസ് വെച്ചിരിക്കുന്നത് എനിക്ക് രോഗം പകരാതിരിക്കാനല്ല, എനിക്ക് രോഗമുണ്ടെങ്കില്‍ അത് വേറെ ആര്‍ക്കും പകരാതിരിക്കാനാണ്,’ മമ്മൂട്ടി പറഞ്ഞു. മുഖം എല്ലാവരും ഒന്ന് കണ്ടോട്ടെ, കുറച്ച് നേരത്തേക്കല്ലേ എന്ന് സിദ്ദിഖ് വീണ്ടും ചോദിച്ചപ്പോഴാണ് മമ്മൂട്ടി മാസ്‌ക് മാറ്റാന്‍ തയ്യാറായത്. മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കൈയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കൈയ്യിലിരിക്കട്ടെ എന്നും പറഞ്ഞ് മമ്മൂട്ടി തന്റെ വാക്കുകളിലേയ്ക്ക് കടക്കുകയായിരുന്നു.

Exit mobile version