തെരഞ്ഞെടുപ്പിന് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ? കണ്ണന്താനത്തിനെതിരെ സിന്ധു ജോയി

എറണാകുളം: വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചത് അപക്വമെന്ന കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രവര്‍ത്തക സിന്ധു ജോയി രംഗത്ത്.

തെരഞ്ഞെടുപ്പിന് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോയെന്ന് സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. സാധാരണയായി പോളിങ് ആരംഭിക്കുമ്പോള്‍ത്തന്നെ സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യും. ശേഷം മറ്റു പോളിങ് സ്റ്റേഷന്‍കളിലേക്കു പോകും. മണ്ഡലത്തില്‍ ഏതെങ്കിലും പ്രമുഖര്‍ വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകുമെന്ന് സിന്ധു ജോയി ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തതെന്നും,അന്ന് മമ്മൂട്ടി പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാര്‍ത്ഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഇത്തവണ പി രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റെന്നും അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ത്ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോയെന്നും സിന്ധു ജോയി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എറണാകുളത്തു എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം നടന്‍ മമ്മൂട്ടിക്ക് എതിരെ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം ബാലിശവും പ്രതിഷേധാര്‍ഹവുമാണ്. സാധാരണഗതിയില്‍ പോളിങ് തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥി വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് മറ്റു പോളിങ് സ്റ്റേഷനുകളിലേക്ക് പോകും. മണ്ഡലത്തില്‍ പ്രമുഖര്‍ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകും.

രണ്ടായിരത്തി ഒന്‍പതില്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാര്‍ത്ഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്? അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ത്ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കള്‍ കൂടുതല്‍ ചെറുതാവുകയാണ്!’


Exit mobile version