ദ പ്രീസ്റ്റ് തീയ്യേറ്ററില്‍ എത്തിയത് മമ്മൂക്ക പകര്‍ന്ന ധൈര്യം, സെക്കന്റ് ഷോയ്ക്ക് അനുവാദം കിട്ടിയതും അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ടും; ആന്റോ ജോസഫ് പറയുന്നു

Anto Joseph | Bignewslive

മമ്മൂട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് തീയ്യേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുവാദം ലഭിച്ചതെന്ന് ദി പ്രീസ്റ്റ് സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫ്. ഒടിടിയില്‍ നിന്നും സിനിമയ്ക്കായി മികച്ച ഓഫറുകള്‍ വന്നിരുന്നു. അപ്പോഴൊക്കെ മമ്മൂട്ടിയെ വിളിച്ച് അഭിപ്രായം ചോദിക്കുമെന്ന് ആന്റോ ജോസഫ് പറയുന്നു.

പക്ഷെ സിനിമ ലൈവ് ആയി വരുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മളെ മാത്രമല്ല ഈ സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ നമ്മള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീയ്യേറ്ററുകള്‍ തുറന്നെങ്കിലും അമ്പതു ശതമാനം ഒക്കുപന്‍സിയും സെക്കന്‍ഡ് ഷോയുമില്ലതിനാല്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.

അപ്പോള്‍ മമ്മൂട്ടി നടത്തിയ ഇടപെടല്‍ കൊണ്ടാണ് സെക്കന്‍ഡ് ഷോയ്ക്കു അനുവാദം കിട്ടിയത് . അദ്ദേഹം പകര്‍ന്ന ധൈര്യമാണ് സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുവാന്‍ പ്രേരിപ്പിച്ചതെന്നും ആന്റോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ആന്റോ ജോസഫിന്റെ വാക്കുകള്‍;

OTT ഇല്‍ നിന്നും വളരെ മികച്ച ഓഫറുകള്‍ വന്നപ്പോള്‍ ഞാന്‍ മമ്മുക്കയോട് ചോദിച്ചു, ‘മമ്മുക്ക നമ്മള്‍ക്കു ആലോചിച്ചാലോ’ എന്ന്.!

അപ്പൊഴൊക്കെ മമ്മുക്ക പറയും, നിനക്ക് ടെന്‍ഷന്‍ ഉണ്ടേല്‍ ആലോചിക്ക്. പക്ഷേ, നമ്മള്‍ ചെയ്യുന്നത് ശെരിയാണോ ആന്റോ?

അപ്പോള്‍ ഞാന്‍ ഒന്ന് പതറും. വീണ്ടും ഒരു മാസം കഴിഞ്ഞ് വീണ്ടും ടെന്‍ഷന്‍ അടിച്ചു ഞാന്‍ ചോദിക്കും. അപ്പോള്‍ മമ്മുക്ക ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു, നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ. പോസ്റ്റര്‍ ഒട്ടിക്കുന്നവരുണ്ട്, കാന്റീന്‍കാരുണ്ട്, എന്തിന് ഓട്ടോ ഡ്രൈവേഴ്‌സിന് വരെ ഒരു പടം കഴിഞ്ഞാല്‍ ഓട്ടം കിട്ടുന്നതല്ലേ ? മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയ്യറ്ററില്‍ കാണിക്കണം എന്ന്.

സിനിമകള്‍ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ. നീ ടെന്‍ഷന്‍ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ’ ആ പുലി കൂടെ ഉണ്ട് എന്ന് എന്നോട് പറഞ്ഞതാണ് എന്റെ ധൈര്യം.

അങ്ങനെ തിയ്യറ്റര്‍ റിലീസ് മതി എന്ന് തീരുമാനിച്ചു. കോവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നെങ്കിലും അമ്പതു ശതമാനം ഒക്കുപന്‍സി ഉള്ളതിനാല്‍ പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ഓപ്പറെഷന്‍ ജാവ നല്ല സിനിമ ആയിരുന്നു എന്നിട്ടും കളക്ഷന്‍ കുറവായിരുന്നു. സെക്കന്‍ഡ് ഷോ ഉണ്ടെങ്കില്‍ മാത്രമേ തീയറ്ററുകളില്‍ ആള് കയറു. മാത്രമല്ല തീയേറ്ററിന് സമീപമുള്ള ചെറിയ കടകളൊക്കെ സെക്കന്‍ഡ് ഷോയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രോഫിറ്റ് ഇല്ലെങ്കിലും ബ്രെക് ഇവന്‍ ആയാല്‍ മതിയെന്ന അവസ്ഥ ആയിരുന്നു. അങ്ങനെ മമ്മൂക്കയുടെ ഇടപെടല്‍ കൊണ്ടാണ് സെക്കന്‍ഡ് ഷോയ്ക്കു അനുവാദം കിട്ടിയത്. ഇനി ഷെയറിന്റെ കാര്യം നോക്കിയാല്‍ പലരും എഴുതി വിടാറുണ്ട്‌കോ മൂന്ന് കോടി നാല് കോടി എന്നൊക്കെ. ഞാന്‍ അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം. കോവിഡിന് മുന്‍പ് 100% ഒക്കുപന്‍സിയില്‍ പല ചിത്രങ്ങള്‍ക്കും കിട്ടിയ കളക്ഷനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഇന്നലെ ലഭിച്ചിട്ടുണ്ട്’

Exit mobile version