കഷണ്ടിക്ക് ചികിത്സയുണ്ട്; പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഷണ്ടി ചികിത്സ വിജയകരം

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലൂടെ കഷണ്ടിയില്‍ മുടി വളര്‍ത്തിയെടുക്കാനാകുന്നുവെന്നതാണ് ആഹ്ലാദകരമായ കാര്യം.

പുനലൂര്‍; കഷണ്ടി ബാധിച്ച് നിരാശരായി കഴിയുന്നവര്‍ക്കും അനിയന്ത്രിതമായി മുടി കൊഴിച്ചില്‍ ബാധിച്ചവര്‍ക്കുമെല്ലാം ഇനി ആശ്വസിക്കാം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലൂടെ കഷണ്ടിയില്‍ മുടി വളര്‍ത്തിയെടുക്കാനാകുന്നുവെന്നതാണ് ആഹ്ലാദകരമായ കാര്യം.

താലൂക്കാശുപത്രിയിലെ കോസ്മറ്റോളജി വിഭാഗത്തിലാണ് ‘കഷണ്ടിക്ക് മറുമരുന്നുള്ളത്’. പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ അഡ്മിനിസ്ട്രേഷന്‍ എന്ന നൂതന ചികിത്സയിലൂടെയാണ് മുടി വളര്‍ത്തല്‍. ത്വക്ക് രോഗ വിദഗ്ധ ഡോ. അഞ്ജു എസ് നായരുടെ നേതൃത്വത്തിലാണ് പിആര്‍പി അഡ്മിനിസ്ട്രേഷന്‍ ചികിത്സ. ലോകത്ത് ലഭ്യമായ ആധുനിക ചികിത്സയാണ് പുനലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലുള്ളതെന്നത് ശ്രദ്ധേയം.

40 വയസ്സില്‍ താഴെ പ്രായമുള്ള യുവതി യുവാക്കളില്‍ കഷണ്ടിയുടെ ലക്ഷണം കാണുമ്പോള്‍ തന്നെ പിആര്‍പി ചികിത്സ തുടങ്ങണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 പേര്‍ക്ക് നല്‍കിയ ചികിത്സ വിജയം കണ്ടു.

കഷണ്ടിക്ക് ചികിത്സ തേടുന്നവരുടെ രക്തത്തില്‍ നിന്നു തന്നെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് തലയൊട്ടിയിലെ തൊലി ഭാഗത്ത് കുത്തിവയ്ക്കുന്നതാണ് പിആര്‍പി അഡ്മിനിസ്ട്രേഷന്‍ ചികിത്സ. മുടി വളരാന്‍ സഹായിക്കുന്ന എല്‍ജി, പിഇജിഎഫ്, ഐജിഎഫ് ഘടകങ്ങളെ ഉത്തേജിപ്പിക്കുകയും മുടിവളര്‍ച്ചയുടെ ആക്കം കുട്ടുകയും ചെയ്യുന്നതാണ് ചികിത്സയുടെ പ്രത്യേകത.

സ്വകാര്യ ആശുപത്രികളില്‍ പതിനായിരം രൂപയ്ക്ക് മുകളില്‍ ചികിത്സാ ചിലവ് വരുന്ന പിആര്‍പിക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നാമം മാത്രമായ തുകയാണ് ഈടാക്കുന്നത്.

Exit mobile version