തലകറങ്ങി വീണ സ്ത്രീയെ തിരിഞ്ഞുനോക്കാതെ സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത; തുള്ളി വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ ഇടുക്കിയില്‍ ബസ് ഓടിയത് 15 കിലോമീറ്റര്‍; ഒടുവില്‍ രക്ഷകരായി യാത്രക്കാര്‍

വീണു പോയ സ്ത്രീക്ക് തുള്ളി വെള്ളം പോലും നല്‍കാതെ സ്വകാര്യ ബസ് ഓടിയത് 15 കിലോമീറ്ററിലധികം ദൂരം.

ചെറുതോണി: സ്വകാര്യബസില്‍ തലകറങ്ങി വീണ തോട്ടം തൊഴിലാളിയായ സ്ത്രീയോട് ബസ് ജീവനക്കാരുടെ ക്രൂരത. വീണു പോയ സ്ത്രീക്ക് തുള്ളി വെള്ളം പോലും നല്‍കാതെ സ്വകാര്യ ബസ് ഓടിയത് 15 കിലോമീറ്ററിലധികം ദൂരം.കട്ടപ്പന-കുമളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. വണ്ടന്‍മേട്ടിനു മുമ്പുള്ള സ്റ്റോപ്പില്‍ നിന്നാണ് 55 വയസ്സുകാരിയായ തൊഴിലാളി സ്ത്രീ ബസില്‍ കയറിയത്. നല്ല തിരക്കായതിനാല്‍ സീറ്റ് കിട്ടിയില്ല.

വണ്ടന്‍മേട്ടിലെത്തിയപ്പോള്‍ തലകറങ്ങി വീണുപോയി. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്താനോ വെള്ളം നല്‍കാനോ ജീവനക്കാര്‍ തയാറായില്ല. ബോധമറ്റ് സ്ത്രീ ബസിനുള്ളില്‍ നിലത്ത് കിടക്കുമ്പോഴും ജീവനക്കാര്‍ മറ്റു യാത്രക്കാരെ കയറ്റാനും ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. 15 കിലോമീറ്റര്‍ ഓടി കട്ടപ്പനയില്‍ എത്തിയിട്ടും യാത്രക്കാരിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പോലും തയ്യാറാകാതെ ക്രൂരതയുടെ മുഖം വീണ്ടും വ്യക്തമാക്കുകയായിരുന്നു ജീവനക്കാര്‍. പിന്നീട് മറ്റു യാത്രക്കരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരെ സംസാരിച്ച സ്ത്രീകളായ യാത്രക്കാരെ ജീവനക്കാര്‍ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ട്.

Exit mobile version