ഇത് മാര്‍ഷല്‍, വേറെ ലെവല്‍: ലോക്ക്ഡൗണില്‍ സ്വന്തമായി ഭാഷ രൂപപ്പെടുത്തി ലോകത്തിന് അത്ഭുതമായി അഞ്ചാംക്ലാസ് വിദ്യാര്‍ഥി

കോഴിക്കോട്: കൊറോണക്കാലത്ത് നിരവധി വിദ്യാര്‍ഥികളാണ് തങ്ങളുടെ കഴിവുകളെ നല്ലരീതിയില്‍ ഉപയോഗിച്ച് ഓരോ വസ്തുക്കളും മറ്റും നിര്‍മ്മിച്ച് ശ്രദ്ധേയമായത്. എന്നാല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മാര്‍ഷല്‍ വി ഷോബിന്‍ ചെയ്തത് സ്വന്തമായി ഒരു ഭാഷ തന്നെ രൂപപ്പെടുത്തുകയായിരുന്നു. സ്വന്തമായി അക്ഷരമാലയും വാക്കുകളും എല്ലാമുള്ള മാനഡു എന്ന ഭാഷയാണ് മാര്‍ഷല്‍ ഭാഷാലോകത്തിന് സംഭാവന ചെയ്തിരിക്കുന്നത്.

58 അക്ഷരങ്ങളുള്ള മാനഡു എന്ന ഭാഷയാണ് ലോകത്തിന് മാര്‍ഷല്‍ സംഭാവന ചെയ്തിരിക്കുന്നത്. കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മാര്‍ഷല്‍. ചെറുപ്പം മുതലേ അക്ഷരങ്ങളോട് പ്രത്യേക താത്പര്യമുള്ള മാര്‍ഷല്‍ ലോക്ഡൗണ്‍ കാലത്താണ് സ്വന്തമായി അക്ഷരങ്ങള്‍ ഉണ്ടാക്കിയത്. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച് വാക്കുകളും വാക്യങ്ങളും എഴുതാന്‍ മാര്‍ഷല്‍ പരിശീലിച്ച് കഴിഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ റഷ്യന്‍, കൊറിയന്‍, ജാപ്പനീസ്, ബര്‍മ്മീസ്, ഗുജറാത്തി ഭാഷകളുടെ പ്രാഥമിക പാഠങ്ങള്‍ പത്തു വയസുകാരന്‍ മാര്‍ഷല്‍ സ്വായത്തമാക്കിയിട്ടുണ്ട്.

നൂറോളം രാജ്യങ്ങളുടെ പതാകകള്‍ തെറ്റാതെ വരയ്ക്കാന്‍ മാര്‍ഷലിന് സാധിക്കും. പൗരാണിക ചിത്രകലാ മാതൃകകള്‍ ഇഷ്ടപ്പെടുന്ന മാര്‍ഷലിന്റെ 3D പെയിന്റിങ്ങുകളും പേപ്പര്‍ ക്രാഫ്റ്റുകളും ആരിലും കൗതുകം ഉണര്‍ത്തുന്നതാണ്. അഞ്ചോളം ഭാഷകളിലെ പാട്ടുകള്‍ പാടുന്ന മാര്‍ഷല്‍ നല്ലൊരു പിയാനോ ആര്‍ട്ടിസ്റ്റ് കൂടിയാണ്.

ഒരു സംഖ്യയുടെ പകുതി കണ്ടെത്തുന്നതിന് ശാസ്ത്രീയമായ എളുപ്പ വഴിയും മാര്‍ഷല്‍ കണ്ടുപിടിച്ചിട്ടുണ്ട്. റ്യൂബിക് സ്‌കൂബ് കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്ത രീതിയില്‍ സെറ്റ് ചെയ്യുന്ന മാര്‍ഷലിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കും സയന്‍സുമാണ്.

പരിമിതമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് സ്വപ്നതുല്യമായ നേട്ടങ്ങള്‍ മാര്‍ഷല്‍ സ്വന്തമാക്കുന്നത്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഒറ്റമുറി വീട്ടിലാണ് വര്‍ഷങ്ങളായി കുടുംബം താമസിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ അയല്‍പക്ക വീട്ടിലെ സ്മാര്‍ട്ട് ഫോണാണ് ആശ്രയം.

ക്ലാസ് അധ്യാപികയായ സ്വപ്ന ജോസഫ് ടീച്ചറാണ് മാര്‍ഷലിന്റെ ഉളളിലെ പ്രതിഭയെ കണ്ടെത്തി പുറംലോകത്തെ അറിയിച്ചത്. കല്ലാനോട് – കൂരാച്ചുണ്ട് റോഡില്‍ കാനാട്ട് ജംഗ്ഷന് അടുത്താണ് മാര്‍ഷലിന്റെ വീട്. വടുതല കാര്‍പെന്ററായ ഷോബിന്റെയും വീട്ടമ്മയായ മായയുടെയും 3 ആണ്‍മക്കളില്‍ മൂത്തയാളാണ്. സഹോദരങ്ങള്‍: ഏബല്‍, എല്‍വിസ്.

contact: 8086283617

Exit mobile version