തനിക്ക് നേരെയുള്ള ആക്രമണം യുഡിഎഫ് വിട്ടതിന്റെ വൈരാഗ്യം; കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ നിയന്ത്രിക്കണമെന്ന് കെബി ഗണേഷ് കുമാർ; പത്തനാപുരത്ത് ഹർത്താൽ

കൊല്ലം: കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അപലപിച്ച് ഗണേഷ് കുമാർ എംഎൽഎ. തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കോൺഗ്രസ് പ്രവർത്തകരെ അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

താൻ യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നാണ് ഗണേഷിന്റെ ആരോപണം. ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അകാരണമായി മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്ന് പത്തനാപുരം പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എംഎൽഎയുടെ മുൻ പിഎ കോട്ടാത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവർക്ക് പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം, കൊല്ലത്തെ കുന്നിക്കോട്ട് ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.

എംഎൽഎയുടെ സാന്നിധ്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചത് എന്നായിരുന്നു ആക്ഷേപം. പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും ആരോപണമുണ്ട്. പ്രദേശത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പോലീസ് മർദിച്ചവരെ പിടികൂടിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.

ഈ സംഭവത്തിൽ പ്രതിഷേധിച്ച് പത്തനാപുരത്ത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ നടത്തിയ മാർച്ച് സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട്, ചവറയിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെയും സംഘർഷമുണ്ടായി. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. വാഹനം തടയാൻ ശ്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വെച്ചായിരുന്നു ആക്രമണം.

Exit mobile version