വീരേന്ദ്ര കുമാറിനും സുഗതകുമാരിക്കും സ്മാരകം; വകയിരുത്തിയത് ഏഴ് കോടി

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിനും പ്രശസ്ത കവിയിത്രി സുഗതകുമാരിക്കും സ്മാരകം നിര്‍മ്മിക്കുന്നു. ഇതിനായി ഏഴ് കോടി വകയരുത്തിയതായി ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് സമ്മേളന പ്രസംഗത്തില്‍ പറഞ്ഞു. വീരേന്ദ്ര കുമാറിന്റെ സ്മാരകം കോഴിക്കോടാണ് നിര്‍മ്മിക്കുന്നത്. ഇതിനായി അഞ്ച് കോടിയാണ് മാറ്റിയത്.

പ്രശസ്ത കവിയത്രി സുഗതകുമാരിക്ക് സ്മാരകം ആറന്മുളയിലാണ് നിര്‍മ്മിക്കുക. ഇതിനായി രണ്ട് കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. എംപി വീരേന്ദ്ര കുമാര്‍ 2020 മെയ് 28നാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംപി വീരേന്ദ്രകുമാറിന്റേത്.

കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി 2020 ഡിസംബര്‍ 23നുമാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പ്രിയ കവിയത്രി വിടവാങ്ങിയത്. സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൊവിഡ് പിടിമുറുക്കിയതോടെ കവിയന്ത്രിയെ നഷ്ടമാവുകയായിരുന്നു.

Exit mobile version