കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഉടൻ; കെഎസ്ഡിപിക്ക് 150 കോടി; ആറിനം മരുന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും

KSDP

തിരുവനന്തപുരം: ബജറ്റിൽ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് (കെഎസ്ഡിപി) പ്രത്യേക ധനസഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിൽനിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെഎസ്ഡിപിയുടെ മാനേജ്‌മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.

നോൺ ബീറ്റ ലാക്ടം ഇൻജക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും ഐസക്ക് പറഞ്ഞു.

15 പുതിയ ഫോർമുല മരുന്നുകൾ പുതുതായി 2021-22ൽ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനോടെ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ഡിപിയുടെ ഉത്പാദനം 2015-16 ൽ 20 കോടി ആയിരുന്നെന്നും 2020-21 ൽ 150 കോടിയാണെന്നും മന്ത്രി പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകൾ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Exit mobile version