ധനകാര്യ കമ്മീഷൻ ഡെമോക്ലിസിന്റെ വാൾ പോലെ; കിഫ്ബിയെ തകർക്കാനാണ് സിഎജി ശ്രമം; എന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല; 15000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും: ധനമന്ത്രി

isaac

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനകാര്യ കമ്മീഷനേയും സിഎജിയേയും രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിപുലപ്പെടുത്തിയ കിഫ്ബിയെ തകർക്കാനാണ് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ശ്രമിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി വിമർശിച്ചു.

‘സംസ്ഥാനങ്ങളുടെ വായ്പകൾക്ക് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ പതിനഞ്ചാം ധനകാര്യകമ്മീഷൻ ശ്രമിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക്ക് പറയുന്നു. കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഇതെല്ലാം നമ്മുടെ ധനസ്ഥിതിക്ക് മേൽ ഡെമോക്ലിസിന്റെ വാൾ പോലെ തൂങ്ങി നിൽക്കുകയാണ്. പ്രതിസന്ധികാലത്ത് ഇത്തരത്തിൽ കർക്കശമായ നിയമങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതിസന്ധിയാവുകയാണ്-ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു നീക്കവും നടപ്പാവാൻ പോകുന്നില്ലെന്ന് ഓർമ്മിപ്പിച്ച ധനമന്ത്രി, നിലവിൽ പ്രഖ്യാപിച്ച 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പുവർഷം തന്നെ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ സർവകലാശാലകളിലെ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ കിഫ്ബി വഴി രണ്ടായിരം കോടി രൂപ നീക്കി വയ്ക്കും. ഇവയിലെല്ലാം പുതിയ കോഴ്‌സുകൾ അനുവദിക്കും. പുതിയ 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളുടെ കീഴിൽ തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. കിഫ്ബിക്ക് എതിരായ സംഘടിതനീക്കങ്ങളുടെ ഭാഗമാണ് 2019-20ലെ ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ടെന്ന് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.

”1999 മുതൽ നിലവിലുണ്ടായിരുന്നതും സഭ രണ്ട് തവണ ചർച്ച ചെയ്ത് പാസ്സാക്കിയതുമായ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചതെങ്ങനെയാണ്? ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിലുണ്ടായിരുന്നില്ല. സംസ്ഥാനസർക്കാരിന് വിശദീകരണത്തിന് അവസരം നിഷേധിക്കുകയും ചെയ്തു. ഇത് രാജ്യത്തെ ഓഡിറ്റ് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതലുണ്ടായിരുന്ന ട്രഷറി സേവിംഗ്‌സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽ നിന്ന് നീക്കങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം”,-ഐസക്ക് പറയുന്നു.

Exit mobile version