പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹത; വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പുതിയ കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം ലംഘിച്ചതായാണ് പുറത്ത് വരുന്ന വിവരം. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി സ്വന്തമാക്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹതയുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും കളക്ടര്‍ നിര്‍ദേശം കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. നേരത്തെ തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭൂമി പുറമ്പോക്ക് അല്ലെന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ ജപ്തി നടപടിക്കിടെ തീകൊളുത്തി ജീവനൊടുക്കിയ രാജന്‍-ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി കൈമാറുമെന്ന് വസന്ത പ്രതികരിച്ചിരുന്നു. അതേസമയം, നിമിഷങ്ങള്‍ക്കുള്ളില്‍ വസന്ത നിലപാട് തിരുത്തുകയും ചെയ്തിരുന്നു. ഭൂമി തന്റേത് തന്നെയാണെന്ന് തെളിയിക്കുമെന്നും ഭൂമി വിട്ടുകൊടുക്കില്ലെന്നും വസന്ത പ്രതികരിച്ചിരുന്നു. സംഭമറിഞ്ഞെത്തിയ ബോബി ചെമ്മണ്ണൂര്‍ 50,000 രൂപ അഡ്വാന്‍സ് നല്‍കി ഭൂമി വാങ്ങി രാജന്റെ മക്കള്‍ക്ക് നല്‍കാമെന്ന് അറിയിച്ചെങ്കിലും മക്കള്‍ അത് നിരസിച്ചിരുന്നു. ചട്ടപ്രകാരമല്ല കൈമാറ്റമെന്ന് അന്ന് രാജന്റെ മക്കളും പ്രതികരിച്ചിരുന്നു.

Exit mobile version