സൈന്യത്തിൽ നിന്നും വിരമിച്ച വർഗീസും ടീച്ചറായി വിരമിച്ച ഫിലോമിനയും ചേർന്ന് നിർമ്മിച്ച് നൽകിയത് അഞ്ച് വീടുകൾ; ആരെയും വിളിച്ച് ചടങ്ങ് നടത്താതെ താക്കോൽ കൈമാറ്റം

varghese home1

തൃശ്ശൂർ: സൈന്യത്തിലെ ഡ്രൈവറായി വിരമിച്ച വർഗീസും ക്രാഫ്റ്റ് ടീച്ചറായി ജോലിയിൽ നിന്നും വിരമിച്ച ഭാര്യ ഫിലോമിനയും ചേർന്ന് അഞ്ച് നിരാലംബരായ കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകിയത് സ്വന്തമായി തലചായ്ക്കാനൊരിടം.

വയോധികരായ ദമ്പതിമാർക്ക് ഈ സമൂഹത്തിന് വേണ്ടി എന്തുചെയ്യാനാകും എന്ന ചോദ്യത്തിനുത്തരമാണ് ഫിലോമിനയും വർഗീസും നിർമ്മിച്ചുനൽകിയ അഞ്ചു വീടുകൾ. മൂന്നുസെന്റു വീതം ഭൂമിയിൽ 600 ചതുരശ്രയടിയിൽ നിർമ്മിച്ച അഞ്ചു കോൺക്രീറ്റ് വീടുകളുടെ താക്കോൽ അർഹരായ കുടുംബങ്ങൾക്കു ദമ്പതികൾ കൈമാറി.

പുതുവത്സരത്തിലായിരുന്നു ഇവരുടെ നന്മ നിറഞ്ഞ പ്രവർത്തി. അതേസമയം, പ്രശസ്തിക്കായി ഈ വാർത്ത പ്രചരിപ്പിക്കാനോ ലോകത്തെ അറിയിക്കാനോ എൺപതിലെത്തിയ ഈ ദമ്പതികൾ ശ്രമിച്ചില്ല. വീടുനിർമ്മാണത്തിന് ശേഷം ലളിതമായി താക്കോൽ അർഹതപ്പെട്ടവർക്ക് കൈമാറുകയായിരുന്നു.

ദാരിദ്രം നിറഞ്ഞ കുട്ടിക്കാലത്തു സ്‌കൂൾ പഠനം പൂർത്തിയാക്കാനാകാതെ പോയ കൊരട്ടി വർഗീസിന് നിരാലംബരായവരുടെ നിസ്സഹയാവസ്ഥ ജീവിത യാഥാർത്ഥ്യം കൂടിയാണ്. അതുകൊണ്ടുതന്നെ കഷ്ടപ്പെടുന്ന സഹജീവികളെ കുറിച്ച് ഓർത്ത് വെറുതെയിരിക്കാൻ വർഗീസിന് സാധിക്കാതെ പോയത്. തീരുമാനത്തിന് ഒപ്പം ഭാര്യ ഫിലോമിനയും മക്കളും പൂർണ പിന്തുണ നൽകിയതോടെ ഇവരുടെ സ്വപ്‌നം യാഥാർത്ഥ്യമാവുകയായിരുന്നു.

വീടിനോടുചേർന്ന 15 സെന്റിൽ അഞ്ചു വീടുകളെന്നതാണ് ഇവർ പദ്ധതിയിട്ടത്. എല്ലാം വിചാരിച്ച പോലെ തന്നെ മംഗളകരമായി പൂർത്തിയാക്കാനും സാധിച്ചു. ഓരോ വീടിനും ഏഴുലക്ഷം വീതം ചെലവിട്ടു. വർഗീസിന് സ്വന്തമായി തടിമില്ലുണ്ട്. ഇവിടെനിന്നുള്ള തടിയും നിർമാണത്തിനുപയോഗിച്ചു. അൻപതോളം അപേക്ഷകൾ കിട്ടി. വിവരങ്ങൾ കൃത്യമായി തിരക്കിയ ശേഷം അർഹരായ അഞ്ചു കുടുംബങ്ങളെ കണ്ടെത്തി.

കുട്ടിക്കാലത്തെ ദാരിദ്രം കാരണം പഠനം പാതിയിൽ നിർത്തിയ വർഗീസ് 22ാം വയസ്സിൽ സൈന്യത്തിൽ ഡ്രൈവറായി. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിലും 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലും പങ്കാളിയായി. വിരമിച്ചശേഷം നാട്ടിലെത്തി കൃഷിചെയ്തു. തൃശ്ശൂർ വേലൂരിനടുത്ത് തെങ്ങാലൂരിലാണ് വീടും കൃഷിയും. ഭാര്യ ഫിലോമിന തിരൂർ സെയ്ന്റ് തോമസ് സ്‌കൂളിൽ ക്രാഫ്റ്റ് അധ്യാപികയായിരുന്നു. നാലുമക്കളുണ്ട്. എല്ലാവരും നല്ല നിലയിലാണ് ജീവിതം തുടരുന്നത്.

Exit mobile version