കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി; ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളം; പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ അക്കമിട്ട് നിരത്തി പ്രശംസിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി. ലോക്ക്ഡൗൺ സമയത്ത് ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണെന്നും ഗവർണർ എടുത്തു പറഞ്ഞു.

ക്ഷേമപെൻഷനുകൾ കൂട്ടി. 600 രൂപയിൽ നിന്ന് 1500 രൂപയാക്കി പെൻഷൻ ഉയർത്തി. സംസ്ഥാനത്ത് മുഴുവൻ സാമൂഹ്യ അടുക്കള തുടങ്ങാനായി. കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ കഴിഞ്ഞു. കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചുവെന്നും ഗവർണർ പറഞ്ഞു.

അതേസമയം, ഗവർണർ പ്രസംഗിക്കുമ്പോൾ പ്രതിപക്ഷം സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ തന്റെ നീരസം അറിയിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഗവർണറുടെ നയപ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് നീങ്ങി. നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക് നീങ്ങി. ബാനറും പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരുന്നു.

Exit mobile version