ലോട്ടറി വില്‍പ്പനയുടെ മറവില്‍ എഴുത്ത് ലോട്ടറി വില്‍പ്പന! കുറ്റിപ്പുറത്ത് യുവാവ് അറസ്റ്റില്‍, 38,000 രൂപയും പിടിച്ചെടുത്തു

കുറ്റിപ്പുറം: ലോട്ടറി വില്‍പ്പനയുടെ മറവില്‍ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തി വന്ന 28കാരന്‍ അറസ്റ്റില്‍. കുറ്റിപ്പുറത്ത് മഞ്ജു ലോട്ടറി ഏജന്‍സി എന്ന പേരില്‍ വില്‍പ്പന നടത്തുന്ന കട മാങ്ങാട്ടൂര്‍ സ്വദേശി പണ്ടാരക്കണ്ടത്ത് സുമേഷ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയാണ്. നേരത്തെയും സുമേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുക്കുന്ന എല്ലാ ദിവസവും 50 രൂപ വീതം ഈടാക്കിയാണ് ആളുകള്‍ക്ക് എഴുത്ത് ലോട്ടറി വില്‍പ്പന നടത്തി വന്നത്.

ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കമാണ് സുമേഷ് എഴുതി നല്‍കിയിരുന്നത്. ഒന്നാം സമ്മാനമായി 25,000 രൂപയാണ് നല്‍കിയിരുന്നത്. 38,000 രൂപയോളം ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version