കുന്നിൻചരിവുകളിൽ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡ്ഡുകളിൽ താമസം; കൈയ്യേറ്റത്തിന് പോലീസ് കേസും; ദാരുണം ഈ ആദിവാസി കുടുംബങ്ങളുടെ അവസ്ഥ

കൽപറ്റ: വന്യമൃഗങ്ങളുടെ ശല്യവും കുടിവെള്ള ക്ഷാമവും ദുരിതത്തിലാക്കിയ ആദിവാസി കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഭൂമി കൈയ്യേറ്റ കേസുകളും. ആനപ്പാറ കൈയ്യേറ്റ കുന്നിൻ ചെരിവ് ഭൂമിയിലെ ആദിവാസി കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 17ാം വാർഡ് ആനപ്പാറ ഭാഗത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിനോട് ചേർന്നാണ് 55ഓളം കുടുംബങ്ങൾ ഷെഡ് കെട്ടി താമസിക്കുന്നത്.

കൈയേറ്റത്തിന്റെ പേരിൽ ഇവർക്കെതിരെ ഇപ്പോഴും വിവിധ കേസുകളുണ്ട്. കടുത്ത കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശത്ത് ദൂരസ്ഥലങ്ങളിൽനിന്ന് തലച്ചുമടായാണ് കുടുംബങ്ങൾ കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളത്തിനായി പോലും അധികൃതർ ഇവരോട് കനിഞ്ഞിട്ടില്ല. മിച്ചഭൂമിയായി കണ്ടെത്തിയ കുന്നിൻചെരിവുകളിൽ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡ്ഡുകളിലാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്.

ഒരു പതിറ്റാണ്ടു കാലമായി ഈ മിച്ചഭൂമിയിൽ കുടിൽകെട്ടി താമസിക്കുകയാണ് ഇവർ. മേപ്പാടി, തരിയോട്, കണിയാമ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽനിന്ന് എകെഎസിന്റെ സഹായത്തോടെ കുടിയേറിപ്പാർത്ത ഭൂരഹിത കുടുംബങ്ങളാണിവർ. നിയമപ്രകാരം ഇവർക്ക് ഭൂമി ലഭിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

Exit mobile version