ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ടത് 21 ലക്ഷം രൂപ; തിരുവനന്തപുരത്ത് 21 കാരന്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്ന വിനീതിന് ഒരു വര്‍ഷത്തിനിടെ പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്തായിരുന്നു വിനീത് ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്.

പല കളികളും തോറ്റതോടെ 21 ലക്ഷത്തിന്റെ കടക്കെണിയില്‍ വീഴുകയായിരുന്നു. കടം പെരുകിയതോടെ നില്‍ക്കക്കള്ളിയില്ലാതെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടി. അപ്പോഴാണ് ഓണ്‍ലൈന്‍ റമ്മിയില്‍ വിനീതിന് 21 ലക്ഷം നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. എന്നാല്‍ തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായി. ഇതിന് പിന്നാലെയാണ് വിനീത് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.

Exit mobile version