കാര്‍ഷിക നിയമം; കേരള നിയമസഭ പ്രമേയം പാസാക്കി, പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് ഒ രാജഗോപാലും, വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു

O Rajagopal | Bignewslive

തിരുവനന്തപുരം: പ്രതിഷേധങ്ങളെ മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്.

അതേസമയം, പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലും പ്രതികരിച്ചു. വോട്ടെടുപ്പിന് മാത്രം അദ്ദേഹം നിന്നില്ല. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്.

താന്‍ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും ഒ രാജഗോപാല്‍ പ്രതികരിക്കുന്നു.

കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും രാജഗോപാല്‍ പറയുന്നു.

Exit mobile version