സഹായ ഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്; അനാഥരായ രാഹുലിനും രഞ്ജിത്തിനും വീടും സ്ഥലവും നല്‍കും

കോഴിക്കോട്: കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഹൃഹനാഥനും ഭാര്യയും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ അനാഥരായ കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് സഹായം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ലെന്നും ആ കുറ്റബോധത്തോടെ തന്നെ അവര്‍ക്കൊരു വീടും സ്ഥലവും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്നും എംഎല്‍എ കുറിക്കുന്നു.

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇരുവരും മരണപ്പെട്ടത്. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. രാജന്‍ സ്ഥലം കൈയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഡ്വക്കേറ്റ് കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. ഇവര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Exit mobile version