ഔഫിന്റേത് രാഷ്ട്രീയ കൊലപാതകം; കത്തി കുത്തിയിറക്കിയത് നെഞ്ചില്‍! യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്, പ്രകോപനം മുസ്ലിംലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെ

DYFI Worker | Bignewslive

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം. പോലീസ് ആണ് സംഭവം രാഷ്ട്രീയ വൈരാഗ്യമെന്ന് വ്യക്തമാക്കിയത്. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

യൂത്ത്ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെയാണ് കേസെടുത്തിരിക്കുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍ഡിഎഫ് നേതൃത്വം നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ ദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് സിപിഎം ആരോപിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനങ്ങള്‍ക്ക് തുടക്കമായത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ആക്രമണത്തില്‍ ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടകയായിരുന്നു. അബ്ദുള്‍ റഹ്മാന്റെ മൃതദേഹം 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Exit mobile version