മഞ്ചേശ്വരത്ത് സത്യപ്രതിജ്ഞയ്ക്ക് ഇടയിൽ ജയ്ശ്രീറാം വിളിച്ച് ബിജെപി അംഗം; അള്ളാഹു അക്ബർ വിളിച്ച് മുസ്ലിം ലീഗ്; സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ലീഗ് നേതാക്കൾ ഇടപെട്ട് വിലക്കി

Mangalpady | Kerala News

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ഒരു പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കേരളത്തിന്റെ മതേതരത്വത്തിന് തന്നെ കളങ്കമായി ‘ജയ് ശ്രീറാം’ വിളികളും മറുപടിയായി ‘അള്ളാഹു അക്ബർ’ വിളിയും. മഞ്ചേശ്വരം മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് സംഭവം.

പഞ്ചായത്തിലെ പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ കിഷോർ കുമാർ സത്യപ്രതിജ്ഞ കഴിഞ്ഞ് മൈക്കിലൂടെ ജയ് ശ്രീറാം മുഴക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ യൂത്ത് ലീഗ് പ്രവർത്തകർ അള്ളാഹു അക്ബർ മുഴക്കി തിരിച്ചടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുമെന്ന ആശങ്കയുയർന്നു.

എന്നാൽ, കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കടക്കാൻ അനുവദിക്കാതെ മറ്റ് മുതിർന്ന നേതാക്കളും പോലീസും ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്‌തെന്ന് മാധ്യമം ദിനപത്രമാണ് വാർത്തറിപ്പോർട്ട് ചെയ്തത്.

ഇതിനിടെ, പാലക്കാട് നഗരസഭയിലും ഇന്ന് ജയ്ശ്രീറാം വിളികൾ ഉയർന്നിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എൽഡിഎഫ് കൗൺസിലർമാർ ദേശീയ പതാക ഉയർത്തി മതേതരത്വം സംരക്ഷിക്കണമെന്ന് മുദ്രാവാക്യം വിളിച്ചതോടെയാണ് ബിജെപി അംഗങ്ങൾ ജയ് ശ്രീറാം വിളി മുഴക്കിയത്. ദേശായ സമിതിയംഗം എൻ ശിവരാജന്റെ നേതൃത്വത്തിലാണ് ജയ്ശ്രീറാം വിളിയുമായി പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരെയും പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.

പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരസഭയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തിരുന്നു.

Exit mobile version