നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെയാളുടെ നില ഗുരുതരം

nelliyampathy, accident | bignewslive

വയനാട്: നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ട രഘുനന്ദനേ പരിക്കുകളോടെ ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

തുടയെല്ല് പൊട്ടിയ രഘുനന്ദനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നിനാണ് അപകടത്തില്‍പ്പെട്ട രഘുനന്ദനെ (22) പരിക്കുകളോടെ കണ്ടെത്തിയത്. മരക്കൊമ്പുകള്‍ക്കിടയില്‍ തൂങ്ങി കിടന്ന നിലയിലായിരുന്നു യുവാവ്.

ഇന്നലെയാണ് വിനോദസഞ്ചാരത്തിന് എത്തിയ രണ്ടു യുവാക്കള്‍ സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണത്. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരാണ് കൊക്കയില്‍ വീണ് കാണാതായത്. മൂവായിരം അടി താഴ്ചയില്‍ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് ഇരുവരും വീണത്. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രഘുനന്ദനും കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഇരുവരും നെല്ലിയാമ്പതിയിലെത്തിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ ഏഴുമാസം പ്രവേശനം നിരോധിച്ച നെല്ലിയാമ്പതിയിലേക്ക് ഒക്ടോബര്‍ പകുതിയോടെയാണ് വിനോദസഞ്ചാരത്തിന് അനുമതി നല്‍കിയത്.

Exit mobile version