നടിയെ ലുലു മാളിൽ വെച്ച് അപമാനിച്ച സംഭവം; കീഴടങ്ങാൻ എത്തുന്നതിനിടെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

LULU mall| Kerala News

കൊച്ചി: ലുലു മാളിൽ വെച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെയാണ് കീഴടങ്ങാൻ ഒരുങ്ങുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഇരുവരും കീഴടങ്ങാൻ അഭിഭാഷകർക്കൊപ്പം എത്തുന്നതിനിടെയായിരുന്നു നാടകീയമായ പോലീസ് നടപടി.

നേരത്തെ, കീഴടങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി പ്രതികൾ പ്രതികൾ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ വിവിധ മാധ്യമങ്ങളിൽ പ്രതികൾ പ്രത്യക്ഷപ്പെട്ടിട്ടും പോലീസിന് പിടികൂടാനായിരുന്നില്ല. ഇവരുടെ ഒളിത്താവളം തേടുകയാണെന്ന് പോലീസ് അറിയിച്ചിരുന്നു.

മാളിൽ വെച്ച് തങ്ങൾ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാപ്പു പറയാൻ തയ്യാറാണെന്നും പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാതാവിനും സഹോദരനും സഹോദരിക്കുമൊപ്പം ഷോപ്പിങ് മാളിൽ പോയ നടിക്കാണ് ദുരനുഭവമുണ്ടായത്. താൻ നേരിട്ട ആക്രമണം നടി ഇൻസ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദേശം നൽകുകയായിരുന്നു. വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

Exit mobile version