കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്

shigella | bignewslive

കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

നിലവില്‍ 5 വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു. ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍.

വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ആയതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.്ര

ഷിഗല്ലരോഗ ലക്ഷണങ്ങള്‍:
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.

പ്രതിരോധ മാര്‍ഗങ്ങള്‍:
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
* കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
* രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

Exit mobile version