വെര്‍ച്വല്‍ ക്യൂ തുറന്നില്ല; ശബരിമലയില്‍ ഇന്ന് 5000 പേര്‍ക്ക് ദര്‍ശനത്തിന് സാധ്യതയില്ല

sabarimala | big news live

ശബരിമല: ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഓണ്‍ലൈന്‍ ബുക്കിങ്ങിന് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും ഭക്തര്‍ക്ക് തുറന്നുനല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് 5000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ദര്‍ശനാനുമതി നല്‍കുകയുള്ളൂ. സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്താല്‍മാത്രമേ ഓണ്‍ലൈനില്‍ ബുക്കിങ്ങ് തുടങ്ങൂ. നിലവില്‍ ശബരിമലയില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി.

ശബരിമലയില്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും കൊവിഡ് കൂടുതലായി കണ്ടെത്തിയ സാഹചര്യത്തില്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തേ തീര്‍ഥാടകരുടെ എണ്ണം കൂട്ടാന്‍ അനുമതി നല്‍കിയിരുന്നില്ല. അതേസമയം തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ അതിനനുസരിച്ച് ശബരിമലയിലെ ക്രമീകരണങ്ങളില്‍ മാറ്റംവരുത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസും പറയുന്നത്.

അതേസമയം ഡിസംബര്‍ 26ന് ശേഷം ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍, ആര്‍ടിലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവില്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

Exit mobile version