‘യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെ ആകെ വിലയേക്കാള്‍ വില ഗ്യാസിന് കൂടുന്നില്ല ഒരു ചെറിയ ശതമാതം മാത്രമാണ് കൂടുന്നത്’; ഗ്യാസ് വില വര്‍ദ്ധനവില്‍ കേന്ദ്രത്തെയും മുരളീധരനെയും ട്രോളി ഇപി ജയരാജന്‍

ep jayarajan, gas price, v muraleedharan | bignewslive

തൃശ്ശൂര്‍: പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും മന്ത്രി ഇപി ജയരാജന്‍. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ വാക്കുകളെ ട്രോളിയായിരുന്നു പാചക വാതക വില വര്‍ധിച്ചതിനെ മന്ത്രി വിമര്‍ശിച്ചത്.

‘പെട്രോളിന് പൈസ കൂട്ടിയപ്പോഴാണല്ലോ ഗ്യാസിന് വില കൂട്ടിയത്. യഥാര്‍ത്ഥത്തില്‍ പെട്രോളിന്റെ ആകെ വിലയേക്കാള്‍ വില ഗ്യാസിന് കൂടുന്നില്ല ഒരു ശതമാനം മാത്രമാണ് കൂടുന്നത്. സത്യത്തില്‍ ഗ്യാസിന് വില കുറയുകയാണ് ചെയ്തത്’- എന്നായിരുന്നു ഇപി ജയരാജന്റെ പരിഹാസം

നേരത്തെ, പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് മാധ്യമങ്ങള്‍ കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയായിരുന്നു അദ്ദേഹം പറഞ്ഞത്. വി. മുരളീധരന്റെ ഈ പ്രസ്താവനയെ ട്രോളിയാണ് മന്ത്രി ഇപി ജയരാജന്‍ രംഗത്ത് വന്നത്.

‘പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്, അതിന്റെ ഒരംശമാണ് കൂട്ടിയത്. ഇതില്‍ ലോജിക് ഒന്നുമില്ല, അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ അവിടെ കുറഞ്ഞതിന്റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്. കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന് രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല. ഈ തുക ആരും വീട്ടില്‍ കൊണ്ടുപോകുന്നില്ല’ – ഇതായിരുന്നു മുരളീധരന്‍ പറഞ്ഞത്.

അതേസമയം ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്.ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപയാണ് കൂടിയത്. ഇതോടെ വാണിജ്യ പാചക വാതകത്തിന്റെ വില 1330 രൂപയായി. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.

Exit mobile version