സ്വന്തം ജീവന്‍ വെടിഞ്ഞും മക്കളുടെ ഉയിര് സംരക്ഷിച്ച പിതാവ് ‘യഥാര്‍ത്ഥ നായകന്‍’! അന്ത്യചുംബനം നല്‍കി ആര്യനും ദേവികയും, കണ്ണീരില്‍ കുതിര്‍ന്ന് നാട്

കുട്ടികളെ കിട്ടാത്തതില്‍ കലിപൂണ്ട മരണം പിതാവിനെ കവര്‍ന്നെടുക്കുകയായിരുന്നു.

കൊട്ടാരക്കര: കടലില്‍ മക്കള്‍ക്കൊപ്പം എത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല അത് മറ്റൊരു ലോകത്തിലേയ്ക്കുള്ള പോക്കായിരുന്നുവെന്ന്. മക്കളുടെ ജീവന്‍ കൈയ്യിലേന്തിയപ്പോള്‍ ആ പിതാവിന് നഷ്ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. ആ ധീരപിതാവിന് ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും നാട് ഒന്നടങ്കം ഒഴുകിയെത്തി. അബുദാബിയില്‍ അല്‍റാഹ ബീച്ചില്‍ മരണമടഞ്ഞ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ എസ്ആര്‍ ദിലീപ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബീച്ചിലെത്തിയ കുടുംബത്തിന് അത്യാഹിതമുണ്ടായത്. നീന്തിക്കളിക്കുകയായിരുന്ന മക്കളായ ദേവിക(9)യും ആര്യനും(6) തിരയില്‍പ്പെട്ടതു പെട്ടെന്നായിരുന്നു. കടലിലേക്കൊഴുകിയ കുട്ടികളെ പിന്നാലെ നീന്തിയെത്തിയ ദിലീപ് സാഹസികമായി രക്ഷപ്പെടുത്തി. തലയ്ക്കുമീതെ തിര ഉയര്‍ന്നപ്പോഴും രണ്ടു മക്കളെയും അതിലും മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു. നിലവിളികളോടെ നിസ്സഹായരായി കരയില്‍ കാത്തുനിന്ന ഭാര്യ ലക്ഷ്മിയുടെയും അമ്മയുടെയും കൈകളിലേക്ക് മക്കളെ കൈമാറിയ നിമിഷം ദിലീപ്കുമാര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കുട്ടികളെ കിട്ടാത്തതില്‍ കലിപൂണ്ട മരണം പിതാവിനെ കവര്‍ന്നെടുക്കുകയായിരുന്നു. അബുദാബിയില്‍ നിര്‍മ്മാണ കമ്പനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരായിരുന്നു ദിലീപ്. രണ്ടരയോടെയാണ് മൃതദേഹം കൊട്ടാരക്കരയിലെത്തിച്ചത്. കിഴക്കേത്തെരുവിലെ വസതിയില്‍ ദിലീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്‌നേഹിതരും നാട്ടുകാരും ബന്ധുക്കളുമെത്തി. തങ്ങളുടെ ജീവനുവേണ്ടി സ്വന്തം ജീവന്‍ പകരം നല്‍കിയ അച്ഛന് തൊഴുകൈകളോടെ ആര്യനും ദേവികയും അന്ത്യകര്‍മങ്ങള്‍ ചെയ്തു.

Exit mobile version