തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് രണ്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി

voting machine | big news live

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് രണ്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാര്‍ഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പര്‍ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.

അതേസമയം മലബാര്‍ മേഖലയില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് കാസര്‍കോട് 5.3 ശതമാനം, കണ്ണൂര്‍-5.5ശതമാനം, കോഴിക്കോട് – 5 ശതമാനം, മലപ്പുറം- 5.2 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.

കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.

അതേസമയം ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരില്‍ മാത്രം 785 പ്രശ്‌നബാധിതബൂത്തുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കള്ളവോട്ടുകള്‍ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Exit mobile version