പിഎസ് ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചെന്ന് സൂചന

sreedharan pilla, vote | bignewslive

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഇത്തവണ വോട്ട് ചെയ്യില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പിഎസ് ശ്രീധരന്‍പിള്ള വോട്ട് ചെയ്യാത്തത് എന്നാണ് സൂചന. കോഴിക്കോട് തുരുത്തിയോട് വാര്‍ഡില്‍ കഴിഞ്ഞ 35 വര്‍ഷമായി ശ്രീധരന്‍പിള്ള മുടങ്ങാതെ വോട്ട് ചെയ്തിരുന്നു.

കെ. സുരേന്ദ്രന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീധരന്‍ പിള്ളയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളിലാണ് ഡിസംബര്‍ 14ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10,842 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

Exit mobile version