രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ശിക്ഷയിളവില്ല; 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കണമെന്ന് പുതിയ ഉത്തരവ്

ഇളവ് നല്‍കുമ്പോള്‍ ഓരോ കേസും പ്രത്യേകം പരിശോധിക്കണം

രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി പ്രത്യേക ഇളവില്ല. ഇനി രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെ 14 വര്‍ഷം തടവ് പൂര്‍ത്തിയാകും മുമ്പ് പ്രത്യേക ഇളവു നല്‍കി വിട്ടയക്കാനാവില്ല. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. വാടകക്കൊലയാളികള്‍ക്കും കൊലപാതകം തൊഴിലാക്കിയവര്‍ക്കും ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുന്നതും വിലക്കിയിട്ടുണ്ട്.

ഹൈക്കോടതി ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ വിചാരണ വേളയില്‍നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം പരമാവധി രണ്ടുവര്‍ഷത്തേക്കോ അല്ലെങ്കില്‍ ശിക്ഷാ കാലാവധിയുടെ 50 ശതമാനമോ ഇതില്‍ ഏതാണ് കുറവ് അത്രയും കാലത്തേക്കാവും ഇളവ് നല്‍കുക.

വാടകക്കൊലയാളികള്‍, പ്രൊഫഷണല്‍ കൊലയാളികള്‍, ജാതി-മത സാമുദായിക കാരണങ്ങളാല്‍ കൊല നടത്തിയവര്‍, രാജ്യസുരക്ഷയ്ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം തടവ് ലഭിച്ചവര്‍, കള്ളക്കടത്തിനിടെ കൊല നടത്തിയവര്‍, ജയില്‍ ജീവനക്കാരെയോ ജയില്‍ സന്ദര്‍ശകരെയോ ഡ്യൂട്ടിയിലുള്ള പൊതുസേവകരെയോ കൊലപ്പെടുത്തിയവര്‍, ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മരിച്ച കേസില്‍പ്പെട്ടവര്‍,

സ്ത്രീകളെയും കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും കൊലപ്പെടുത്തിയവര്‍, എന്‍ഡിപിഎസ്. കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മറ്റു സംസ്ഥാനങ്ങളിലെ കോടതികള്‍ ശിക്ഷിച്ചവര്‍, വിദേശികളായ കുറ്റവാളികള്‍, ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ഇനിമുതല്‍ ഇളവിന് അര്‍ഹതയില്ല.

കുട്ടികള്‍ക്ക് എതിരായ പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും രാഷ്ട്രീയക്കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട് 14 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ശിക്ഷയിളവ് നല്‍കരുതെന്ന് കോടതി പ്രത്യേകം പറഞ്ഞിരുന്നു.

നേരത്തെ സര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ഭരണഘടനയുടെ അനുച്ഛേദം 161 പ്രകാരം ഗവര്‍ണര്‍ക്കുള്ള അധികാരമുപയോഗിച്ച് സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങിയ വിശേഷാവസരങ്ങളില്‍ തടവുകാര്‍ക്ക് ഇളവ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്നു എന്ന വിമര്‍ശനവും ഉണ്ടായിരുന്നു.

ഇളവ് നല്‍കുമ്പോള്‍ ഓരോ കേസും പ്രത്യേകം പരിശോധിക്കണം. നിയമപരമായി അര്‍ഹരായ എല്ലാ തടവുകാരെയും പരിഗണിക്കണം. ബാഹ്യ പരിഗണനകള്‍ പാടില്ല. തടവുകാരന്റെ ജയിലിലെ സ്വഭാവം, അയാളുടെ കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം ഇതൊക്കെ പരിഗണിക്കണമെന്നും സിബിഐയോ മറ്റ് കേന്ദ്ര ഏജന്‍സിയോ അന്വേഷിച്ച കേസുകളാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമെന്നും ഉത്തരവിലുണ്ട്. എന്നിട്ടായിരിക്കണം ഇളവിന് അര്‍ഹരായ തടവുകാരുടെ പട്ടിക ജയില്‍ ഡിജിപി തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്.

Exit mobile version