ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സരിത നായർ; ഹർജി സുപ്രീംകോടതി തള്ളി

Saritha nair | kerala news

ന്യൂഡൽഹി: എറണാകുളത്ത് നിന്നും വിജയിച്ച് ലോക്‌സഭാംഗമായ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈബിക്ക് എതിരാളിയായി സരിത നായരും എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാൽ സരിത നായരുടെ നാമനിർദേശ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

നേരത്തെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തും സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഈ ഹർജിയും തള്ളിയിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം, എന്നിവിടങ്ങളിൽ സരിത നൽകിയ നാമനിർദേശ പത്രികയാണ് വരണാധികാരികൾ തള്ളിയത്. എന്നാൽ അമേഠിയിൽ സരിത നായരുടെ പത്രിക സ്വീകരിക്കുകയും സരിത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.

Exit mobile version