ബെന്നി ബെഹനാന്‍ എംപിക്ക് കൊവിഡ്; താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം

benny behnan, covid, congress | bignewslive

കൊച്ചി: ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

‘കഴിഞ്ഞ ദിവസങ്ങളില്‍ ചില രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് അറിയിക്കുന്നു’- ബെന്നി ബെഹ്നാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 5718 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,401 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,61,874 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version