സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്ന് സംശയം; കണ്ണൂരില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

kannur, alakkode, shot | bignewslive

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലയോര മേഖലയായ ആലക്കോടാണ് സംഭവം. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പോലിസ് കണ്ടെടുത്തു.

കര്‍ഷകനായ മനോജ് വീടിന് സമീപത്തെ തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മനോജിനെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

അതേസമയം സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആലക്കോട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version