ചാവക്കാട് കടപ്പുറത്തെത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തി; കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം; പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും കൂസലില്ലാതെ പ്രതി!

ബീച്ചിലെത്തുന്നവരുടെ അന്തസും സുരക്ഷയും സ്വകാര്യതയും ലംഘിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന നിരവധി ആളുകള്‍ തമ്പടിച്ചിരിക്കുകയാണ് ഇവിടെ.

തൃശ്ശൂര്‍: കുടുംബത്തോടൊപ്പം അവധിദിനം ആസ്വദിക്കാന്‍ ചാവക്കാട് കടപ്പുറത്ത് എത്തുന്നവര്‍ സൂക്ഷിക്കുക, പലവിധ അക്രമങ്ങള്‍ക്ക് നിങ്ങളും കുടുംബവും ഇരയായേക്കാം. പറയുന്നത് സിയ ബീവിയെന്ന യുവാവാണ്. ചാവക്കാട് ബീച്ചില്‍ നിന്നും കഴിഞ്ഞദിവസം ആക്രമണത്തിനിരയായ വ്യക്തിയാണ് സിയ. ബീച്ചിലെത്തുന്നവരുടെ അന്തസും സുരക്ഷയും സ്വകാര്യതയും ലംഘിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന നിരവധി ആളുകള്‍ തമ്പടിച്ചിരിക്കുകയാണ് ഇവിടെ. സ്ത്രീകള്‍ ഒട്ടുമേ സുരക്ഷിതരല്ലെന്ന് സിയ സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നു.

ഞായറാഴ്ച വൈകീട്ട് ചാവക്കാട് ബീച്ചില്‍ നടന്നസംഭവം ഇങ്ങനെ. കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു സിയയും കുടുംബവും. ബീച്ചില്‍ കാറ്റ് കൊള്ളുന്നതിനിടെയാണ് കുടുംബത്തോടൊപ്പം എത്തിയ ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നത് സിയയുടെ കണ്ണില്‍പ്പെട്ടത്. പെണ്‍കുട്ടിയോ കുടുംബമോ അറിയാതെയാണ് ഒളിഞ്ഞിരുന്ന് ഇയാളുടെ പ്രവര്‍ത്തി. എന്നാല്‍ സിയ മൗനം പാലിക്കാതെ സംഭവം ചോദ്യം ചെയ്യുകയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിളിച്ച് ഇയാളെ കൈയ്യോടെ കൈമാറുകയും ചെയ്തു. എന്നാല്‍ ചെയ്തത് തെറ്റല്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇയാള്‍ ചോദ്യം ചെയ്ത സിയയെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ഈ അക്രമി എത്തിയത് ഭാര്യയുടേയും മകളുടേയും കൂടെയാണെന്നുള്ളത് തന്റെ ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് സിയ ബീവി പറയുന്നു.

അവധി ദിനങ്ങളില്‍ ആയിരക്കണക്കിന് ആളുകളെത്തുന്ന ചാവക്കാട് ബീച്ചില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് വെറും മൂന്നോ നാലോ പോലീസുകാരെ മാത്രമാണ്. ഇത്രയേറെ സ്ത്രീകളെത്തുന്ന പൊതുസ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കേസിനു പുറകെ നടക്കാന്‍ വയ്യെന്ന് പറഞ്ഞ് പ്രതികരിക്കാതെ പോകുന്ന ഒട്ടേറെ അക്രമങ്ങള്‍ ഇവിടെ നടമാടുന്നുണ്ട്. ഇനി വേണ്ടത് അധികാരികളുടെ പരിഗണനയാണ്.

സംഭവംവ വിവരിച്ച് സിയ ബീവി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത ഇടങ്ങള്‍ .
ഓരോ വ്യക്തിക്കും അന്തസ്സും ,സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം ,
ചാവക്കാട് കടപ്പുറത്തു ഇന്നലെ വൈകീട്ട് അത് ലംഘിക്കപ്പെട്ടിരിക്കുന്നു ,9 .12 .2018 വൈകീട്ട് 5 .50 ഞാനും കുടുംബവും കടല്‍ കാണാന്‍ പോയിരുന്നു , എന്റെ വലതു സൈഡില്‍ ഒരു വ്യക്തി മൊബൈല്‍ ക്യാമറയില്‍ എന്ധോ പകര്‍ത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ട്
എന്റെ ക്യാമറ ഓണാക്കി അയാള്‍ എന്താണ് ചെയ്യുന്നതെന്ന് സസൂക്ഷ്മം പകര്‍ത്തി . പുറംതിരിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുകായണ് ലക്ഷ്യം, ഇതിനെ ഞാന്‍ ചോദ്യം ചെയ്തു , ഒരുപേടിയുമില്ലാതെ എന്നെ എതിര്‍ക്കാനും ,അസഭ്യം പറയാനും തുടങ്ങി
കടല്‍ കാണാന്‍ എത്തിയവര്‍ എന്നത്തേക്കാളും കൂടുതലായിരുന്നു , 3000 പേരെകിലും കാണും ഇന്നലെ ഇവര്‍ക്ക് പ്രൊട്ടക്ഷനായി മൂന്നോ നാലോ പോലീസുകാരും , ഞാന്‍ അവരെ വിളിച്ചു പറഞ്ഞു നിങ്ങളുടെ പടം ഇയാല്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് , യാതൊരു ഗൗരവവും കാണക്കാതെ അയാള്‍ നിനക്കുന്നതു കണ്ടപ്പോള്‍ , എല്ലാവര്ക്കും അത്ഭുതം തോന്നു , ചെയ്തത് അത്രവലിയ തെറ്റല്ല എന്നാണ് അയാള്‍ അപ്പോഴും വാദിച്ചു കൊണ്ടിരുന്നത് .
പോലീസ് വന്നു പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി , പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലാത്തതിനാല്‍ അയാളെ നിരുപാധികം വെറുതെ വിട്ടു , പ്രതികരണശേഷിയില്ലാത്ത നല്ല മനസുള്ള മലയാളികള്‍ നമ്മള്‍ , ഒരു പെണ്‍കുട്ടി പൊതുഇടത്തില്‍ അപമാനിക്കപ്പെട്ടിട്ടും , പ്രതി രക്ഷപെടുന്ന കാഴ്ചയാണ് ഞാന്‍ ഇന്നലെ കണ്ടത്
എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാണ് ,തെറ്റുചെയ്യാനുള്ള പ്രേരണ , എടുത്ത ചിത്രം അയാള്‍ ഇനി എന്തുചെയ്യാന്‍ പോകുന്നു എന്നുള്ളത് കാത്തിരുന്നു കാണാം
തക്കതായ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് അയാള്‍ ചെയ്തത് എന്നിട്ടും?…
നിങ്ങളിത് ഷെയര്‍ ചെയ്യണം, ഇങ്ങനെയുള്ളവരെ നമ്മുടെ സമൂഹത്തിനു ആപത്താണ്,
ഇതില്‍ ഏറ്റവും ഗൗരവകരമായ കാര്യം അയാള്‍ ഭാര്യയും മകളുമായിട്ടാണ് അയാള്‍ അവിടെ വന്നിട്ടുള്ളതു , എന്തു സുരക്ഷയാണ് ആ ‘അമ്മ സ്വന്തം മകള്‍ക്കു അച്ഛനില്‍ നിന്നും അര്‍ഹിക്കുന്നത്
ഇതൊരു ചോദ്യമായി ഇവിടെ കിടക്കട്ടെ , ചാവക്കാട് കടപ്പുറത്തെ സുരക്ഷാ വര്‍ധിപ്പിക്കുക , പോലീസിനെ വിന്യസിക്കുക , ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കുക .

Exit mobile version