‘ഈ തീ അണയില്ല, ആളിപ്പടരുകതന്നെ ചെയ്യും; ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം; മന്ത്രി തോമസ് ഐസക്ക്

delhi chalo | bignewslive

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്ക്. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്ന വാശി അധികാരികള്‍ വിഴുങ്ങി. കര്‍ഷകരുടെ കരുത്തിന് മുന്നില്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. പ്രതിഷേധവുമായി ഇരമ്പിയെത്തിയ കര്‍ഷകരുടെ ഇടിമുഴക്കം രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതം അനുദിനം ദുരിതപൂര്‍ണമാകുന്നതുകൊണ്ടാണ് കര്‍ഷകര്‍ക്ക് ഇത്തരം സമരരീതികള്‍ അവലംബിക്കേണ്ടി വരുന്നത്. ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം. ഈ തീ അണയില്ല. ആളിപ്പടരുകതന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

കര്‍ഷകരുടെ കരുത്തിന് മുന്നില്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്ന വാശി അധികാരികള്‍ വിഴുങ്ങി. പ്രതിഷേധവുമായി ഇരമ്പിയെത്തിയ കര്‍ഷകരുടെ ഇടിമുഴക്കം രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കാന്‍ പോവുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ചലോ മാര്‍ച്ച്. അധികാരവും മര്‍ദ്ദനമുറകളും ഉപയോഗിച്ച് പാവങ്ങളെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു നോക്കി. അനേകം നേതാക്കളെ അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്നറുകളുമായി പ്രതിഷധേക്കാരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും വിലപ്പോയില്ല.

കര്‍ഷകരെ തടയാനായി ഡല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കിയ വീഡിയോ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്‌നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്‌നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്. മനുഷ്യശക്തിയ്ക്കു മുന്നില്‍ ഒരു ബാരിക്കേഡും വിലപ്പോവില്ലെന്ന് ഇനിയും കേന്ദ്രം ഭരിക്കുന്നവര്‍ മനസിലാക്കിയില്ലെങ്കില്‍ എന്തു ചെയ്യാനാണ്?

രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയില്‍ നടന്ന ലോംഗ് മാര്‍ച്ചിനെ അനുസ്മരിപ്പിക്കുകയാണ് ഈ സമരം. അന്ന്, നോര്‍ത്ത് മഹാരാഷ്ട്ര, വിദര്‍ഭ, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ താനെയില്‍ നിന്നും മുംബൈയിലെ ആസാദ് മൈദാനത്തിലേയ്ക്കാണ് മാര്‍ച്ചു ചെയ്തത്. ഏതാണ്ട് 180 കിലോമീറ്റര്‍ ദൂരം കാല്‍നടയായി താണ്ടിയ കര്‍ഷകര്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതവും അധികാരികളുടെ അവഗണനയും തുടര്‍ച്ചയായ വാഗ്ദാനലംഘനവും ലോകത്തെ അറിയിച്ചു. ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതം അനുദിനം ദുരിതപൂര്‍ണമാകുന്നതുകൊണ്ടാണ് കര്‍ഷകര്‍ക്ക് ഇത്തരം സമരരീതികള്‍ അവലംബിക്കേണ്ടി വരുന്നത്. ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം. ഈ തീ അണയില്ല. ആളിപ്പടരുകതന്നെ ചെയ്യും.

Exit mobile version