പികെ ഫിറോസിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; പോലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം

defamation to pk firos

വലപ്പാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പോലീസില്‍ ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ഫേസ്ബുക്കിലൂടെയാണ് അപമാനിക്കാന്‍ ശ്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്.

മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. പരാതി പോലീസ് സ്വീകരിച്ചു. ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്ന് പരാതിയില്‍ പറയുന്നുണ്ട്.

ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്‌ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്കും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ട്രോള്‍ പങ്കുവെച്ച തിലകന്‍ എകെ എന്ന വ്യക്തിക്കെതിരെയാണ് പരാതി പരാതി നല്‍കിയിരിക്കുന്നത്.

പികെ ഫിറോസിനെ മനപ്പൂര്‍വ്വം അവഹേളിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി തിലകന്‍ എകെ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെ വ്യാജമാണ് എന്നറിഞ്ഞിട്ടും അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി പങ്കുവെച്ചെന്നും സംഭവത്തില്‍ പോലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പോലീസ് ആക്ട് 118 എ പ്രകാരം അപമാനിതനായ വ്യക്തി തന്നെ പരാതി നല്‍കേണ്ടതില്ല. കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്.

Exit mobile version