രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; പിജെ ജോസഫിന് വന്‍ തിരിച്ചടി

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു. രണ്ടില ചിഹ്നത്തിന്റെ അവകാശ വാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്. ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.തുടര്‍ന്ന് ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനും കമ്മീഷന്‍ അനുവദിച്ചിരുന്നു.

കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായി എങ്കിലും തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍, ജോസ് വിഭാഗത്തിന് തങ്ങള്‍ക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്. അതേസമയം ജോസഫ് ഇതിനെതിരെ വീണ്ടും നിയമ പോരാട്ടം നടത്തുമെന്നാണ് സൂചന.

Exit mobile version