അച്ഛന്റെ ചിതയെരിഞ്ഞ് മണിക്കൂറുകള്‍ക്കകം വേദിയില്‍ എത്തിയ ആനന്ദിന്റെ കുറുംകുഴലില്‍ നിന്നുയര്‍ന്നത് നോവിന്റെ നാദം; ആനന്ദ് വായിച്ചത് അച്ഛനു വേണ്ടിയുള്ള ആത്മസമര്‍പ്പണം!

വിട്ടകന്ന അച്ഛന്റെ ആത്മാവിനു നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും പ്രിയപ്പെട്ട അര്‍പ്പണം ഇതായിരുന്നുവെന്ന് ആനന്ദ് പറയുന്നു

ആലപ്പുഴ: സ്വന്തം പിതാവിന്റെ ചിതയെരിഞ്ഞ് മണിക്കൂറുകള്‍ക്കകം വേദിയില്‍ എത്തിയ ആനന്ദിന്റെ കുറംകുഴലില്‍ നിന്ന് ഉയര്‍ന്നത് നോവിന്റെ നാദം. കുഴലില്‍ നിന്ന് അച്ഛന് വേണ്ടിയുള്ള ആത്മസമര്‍പ്പണമാണ് ഉയര്‍ന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗം ചെണ്ടമേളത്തില്‍ പാമ്പാടി ക്രോസ്റോഡ്സ് സ്‌കൂളില്‍ നിന്ന് മത്സരിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഹൃദയത്തില്‍ വേദനയുടെ പെരുമുഴക്കവുമായി ആനന്ദ് എത്തിയത്.

കഴിഞ്ഞദിവസം വിട്ടകന്ന അച്ഛന്റെ ആത്മാവിനു നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും പ്രിയപ്പെട്ട അര്‍പ്പണം ഇതായിരുന്നുവെന്ന് ആനന്ദ് പറയുന്നു. മത്സരവേദിയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്‍ ശശിധരനായിരുന്നുവെന്ന് ആനന്ദ് കൂട്ടിച്ചേര്‍ത്തു. കൂരോപ്പട സ്പെഷ്യല്‍ വില്ലേജ് ഓഫീസറായിരുന്ന അദ്ദേഹം രണ്ടുദിവസം മുമ്പാണു മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കര്‍മ്മങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അതിനാല്‍, ചെണ്ടമേളത്തില്‍ മത്സരിക്കേണ്ടെന്ന് അധ്യാപകര്‍ തീരുമാനിച്ചു. എന്നാല്‍, അച്ഛന്റെ ആഗ്രഹം അവനറിയാമായിരുന്നു. അവസാനമായി കാണാനെത്തിയ കൂട്ടുകാരോട് ആനന്ദ് പറഞ്ഞു, ‘നമുക്ക് മത്സരിക്കണം… ഞാന്‍ വരാം..’ ആ തീരുമാനം കൂട്ടുകാരും അധ്യാപകരും അംഗീകരിച്ചു.

ഇന്നലെ രാവിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞ് വിങ്ങുന്ന മനസുമായി ചേട്ടനൊപ്പം മത്സരം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ആനന്ദ് എത്തിയത്. അച്ഛന്റെ അനുഗ്രഹവും ഓര്‍മ്മകളുമായി അവന്‍ കുറംകുഴല്‍ വായിച്ചു. അതിനൊപ്പം കൂട്ടുകാര്‍ കാലങ്ങള്‍ കൊട്ടിക്കയറി ആത്മതര്‍പ്പണത്തില്‍ പങ്കാളികളായി.

Exit mobile version