മലബാര്‍ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം; ലോകത്തിലെ എല്ലാ ഭാഷകളും സംസ്‌കാരവും പാഠ്യവിഷയമാകണമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി

കോഴിക്കോട് : മലബാര്‍ കേന്ദ്രമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ കേരള സംസ്ഥാന ഹജ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന തരത്തില്‍ വിശാലമായ ഒരു സര്‍വ്വകലാശാലയാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അറബിക്ക് പുറമെ, ലോകത്തെ എല്ലാ ഭാഷകളും സംസ്‌കാരവും പാഠ്യവിഷയമാക്കാന്‍ സാധിക്കുന്നതായിരിക്കണം ഈ സര്‍വ്വകലാശാലയെന്ന് പ്രമേയത്തില്‍ പറയുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും നടന്ന മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്റെ മകനും അധിനിവേശ വിരുദ്ധ പോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസും. കേരളത്തിലെ പ്രഥമ ചരിത്രകാരനായി അറിയപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ജീവിച്ചത് ഈ കാലഘട്ടത്തിലാണെന്ന് പറയുന്നു.

വൈജ്ഞാനിക നായകനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ തന്റെ അനുപമ സിദ്ധിവിശേഷം മത വിജ്ഞാനത്തിന്റെയും ദേശത്തിന്റെയും മതമൈത്രിയുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും സര്വോന്മുഖമായ പുരോഗതിക്കു വിനിയോഗിച്ചിരിന്നുവെന്നും അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയില്‍ ആദ്യമായി ഉജ്ജ്വലമായ നേതൃത്വവും താത്വിക അടിത്തറയും പാകിയ അതുല്യനും അനിഷേധ്യനുമായ നവോദ്ധാന നായകരാണെന്നും പ്രമേയത്തില്‍ പറയുന്നു. കേരള ചരിത്രത്തില്‍ വഴി വിളക്കായി ജ്വലിച്ചു നില്‍ക്കുന്ന മഖ്ദും പരമ്പരയുടെ സ്മരണാര്‍ത്ഥം മലബാര്‍ കേന്ദ്രമായി അറബിക് സര്‍വ്വകലാശാല സ്ഥാപിക്കണം എന്നാണ് മുഖ്യമന്ത്രിച്ച് അയച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആധ്യക്ഷത വഹിച്ചു. ഹജ് കമ്മിറ്റി മെമ്പര്‍മാരായ മുഹമ്മദ് മുഹസിന്‍ എംഎഎ, കെഎം മുഹമ്മദ് കാസിം കോയ പൊന്നാനി ,പികെ അഹമ്മദ്. കോഴിക്കോട്, എച്ച് മുസമ്മില്‍ ഹാജി കോട്ടയം, കടയ്ക്കല്‍ അബ്ദൂല്‍ അസീസ് മൗലവി കൊല്ലം, എംഎസ് അനസ് ഹാജി അരൂര്‍, അബ്ദുറഹിമാന്‍ എന്ന ഇണ്ണി കൊണ്ടോട്ടി, വിടി അബ്ദുള്ളക്കോയ തങ്ങള്‍ വളാഞ്ചേരി, മുസ്ലിയാര്‍ സജീര്‍ മലപ്പുറം, എല്‍ സുലൈഖ കാസര്‍ഗോഡ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

നേരത്തെ, അറബിക് സര്‍വ്വകലാശാല പൊന്നാനിയില്‍, പ്രമുഖ അറബി ഭാഷാ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അനുവദിക്കുക എന്ന നിവേദനവുമായി പൊന്നാനി ജനകീയ കൂട്ടായ്മയയുടെ ചെയര്‍മാനും സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗവുമായ കെഎം മുഹമ്മദ്കാസിം കോയയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

കേരള സര്‍ക്കാറിന്റെ പരിഗണനയിലുള്ള അറബിക് സര്‍വ്വകലാശാല പൊന്നാനി താലൂക്കില്‍ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് കെഎം കാസിംകോയ പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ സര്‍വ്വകലാശാല വരുന്നതോടെ യൂറോപ്പ് ,അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന തരത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കണം. അതിനു അറബി ഭാഷാ പഠനത്തോടൊപ്പം മറ്റ് വിഷയങ്ങളും സ്‌കില്‍ ഡെവലപ്മെന്റ് കോഴ്സുകളും പഠിക്കാന്‍ ആവുന്ന രീതിയിലുള്ള കാഴ്ചപ്പാടോടെ ആവണം പുതിയ സര്‍വ്വകലാശാല വിഭാവനം ചെയ്യേണ്ടത് എന്നും ആവശ്യപ്പെട്ടിരുന്നു.

പൊന്നാനി താലൂക്കില്‍ നിലവില്‍ സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത സാഹചര്യം കൂടി പരിഗണിച്ച് സര്‍വകലാശാല പൊന്നാനിയില്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സ്പീക്കര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എകെ ബാലനും ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനും നിവേദനം ജനകീയ കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യം അനുഭാവപൂര്‍വ്വം സര്‍ക്കാര്‍ പരിഗണിക്കുമെന്നും സ്പീക്കര്‍ ജനകീയ കൂട്ടായ്മ നേതൃത്വത്തിന് ഉറപ്പും നല്‍കിയിട്ടുണ്ട്.

Exit mobile version