രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചിട്ടില്ല; ആരോപണം ദുരുദ്ദേശപരം: ശിവശങ്കറിന്റെ വാദങ്ങൾ തള്ളി ഇഡി

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നെന്ന എം ശിവശങ്കറിന്റെ ആരോപണം തള്ളി ഇഡി രംഗത്ത്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദ്ദേശ്യപരമെന്നും ഇഡി പ്രതികരിച്ചു. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകും. ശിവശങ്കറിന്റെ പുതിയ വാദങ്ങൾ കണക്കിലെടുക്കരുതെന്നും ഇഡി അറിയിച്ചതായി മനോരമ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇന്ന് ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിപറയും. നേരത്തെ ജാമ്യാപേക്ഷയിൽ നൽകിയ പ്രതിവാദ കുറിപ്പിലാണ് ശിവശങ്കർ രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റു ചെയ്തതെന്ന് ആരോപിച്ചത്.

ചില പേരുകൾ വെളിപ്പെടുത്താൻ തനിക്ക് കടുത്ത സമ്മർദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം രേഖാമൂലം സമർപ്പിച്ച കുറിപ്പിൽ പറഞ്ഞിരുന്നു. സ്വപ്ന സുരേഷുമായി താൻ നടത്തിയെന്ന പേരിൽ പറയുന്ന വാട്‌സാപ് ചാറ്റ് വസ്തുതാരഹിതമാണെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സ്വപ്നയുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ലെന്നും ശിവശങ്കർ വിശദീകരിച്ചിരുന്നു.

Exit mobile version