പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി; പകരം വി മുരളീധരന് ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല

തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയിൽ നിന്ന് പികെ കൃഷ്ണദാസിനെ നീക്കി. പകരം വി മുരളീധരന് ചുമതല നൽകി. ഇതോടെ കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല ഇനി വി മുരളീധരനായിരിക്കും. ഇതോടൊപ്പം ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

അതേസമയം, കൃഷ്ണദാസിനോട് അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബിജെപിയിൽ വിവാദങ്ങൾ ഉയർന്നിരുന്നു.

താരതമ്യേനെ പുതിയ അംഗങ്ങളായ അബ്ദുള്ളക്കുട്ടി ഉൾപ്പെടെയുള്ളവരെ ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതിനെതിരെ വിമർശനങ്ങൾ ശക്തമായി ഉയർന്നു വരികയും ചെയ്തിരുന്നു. ഈ ഘട്ടത്തിലും കൃഷ്ണദാസിന് ദേശീയ ഭാരവാഹി പട്ടികയിൽ സ്ഥാനമുണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിന്റെ നീക്കമുണ്ടായിരിക്കുന്നത്.

Exit mobile version