ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി

മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ് ലിംലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. എംഎല്‍എയുടെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളി. കഴിഞ്ഞ ദിവസം കമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അറസ്റ്റും ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ എംസി കമറുദ്ദീനാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. നിയമവിരുദ്ധമായാണ് കമ്പനി പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരിപത്രം നില്‍കിയില്ല. സ്ഥാപനത്തിലുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും അപ്രത്യക്ഷമായതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ശനിയാഴ്ചയാണ് കമറുദ്ദീനെ ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. നിലവിൽ 128 ഓളം കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എംസി കമറുദ്ദീന് ഉത്തരവാദിത്വം ഉണ്ടെന്നും എസ്പി പി വിവേക് കുമാര്‍ പ്രതികരിച്ചിരുന്നു.

Exit mobile version