എംസി കമറുദ്ദീന് എതിരെ കുരുക്ക് മുറുകുന്നു;എംഎല്‍എക്കെതിരെ രണ്ട് പേര്‍ കൂടി പരാതി നല്‍കി, അരക്കോടിയോളം രൂപ പറ്റിച്ചെന്ന് പരാതി; ആകെ കേസുകള്‍ 89 ആയി

പയ്യന്നൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ കുരുക്ക് മുറുകുന്നു. എംഎല്‍എയ്ക്ക് എതിരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു, അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. ഇതോടെ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി പറ്റിച്ചെന്നാണ് പരാതി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യും. ജ്വല്ലറി എംഡി ടികെ പൂകോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 87 വഞ്ചന കേസുകളില്‍ ജ്വല്ലറി ചെയര്‍മാനായ എംസി കമറുദ്ദീന്‍ എംഎല്‍എക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂകോയ തങ്ങള്‍. പൂകോയ തങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം എംസി കമറുദ്ദീനെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ കേസാണെന്നും ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായി എന്നും സര്‍ക്കാര്‍ വാദിച്ചു. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ കമറുദ്ദീന് കേസില്‍ തുല്യ പങ്കാളിത്തം ഉണ്ട്. വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ വാദിച്ചു.

Exit mobile version