നിക്ഷേപ തട്ടിപ്പു കേസില്‍ മുഖ്യസൂത്രധാരന്‍ ഖമറുദ്ദീന്‍; നടന്നത് പോപ്പുലര്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമായ തട്ടിപ്പ്; സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എംസി ഖമറുദ്ദീനാണ് മുഖ്യസൂത്രധാരന്‍ എന്ന് സര്‍ക്കാര്‍. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീന്‍ ഉപയോഗിച്ചു. പോപ്പുലര്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പെന്നും സര്‍ക്കാര്‍ വാദിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംസി ഖമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവേയായിരുന്നു സര്‍ക്കാരിന്റെ വാദം.

നിക്ഷേപം സ്വീകരിച്ചത് നിയമ വിരുദ്ധമായാണ്. ഇങ്ങനെ നിക്ഷേപം സമാഹരിക്കാന്‍ ഫാഷന്‍ ഗോള്ഡിന് അനുമതി ഇല്ല. തെറ്റായ വിവരങ്ങളാണ് കമ്പനി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയത്. കമ്പനിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരി പത്രം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വന്തം ലാഭത്തിനായി കമറുദ്ദീന്‍ അടക്കമുള്ളവര്‍ പണം തിരിമറി നടത്തിയെന്നും, കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെ കുറിച്ച് അന്വേഷണം വേണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കമറുദ്ദീനും പൂക്കോയ തങ്ങളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കമറുദ്ദീനെതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കും എന്നും സര്‍ക്കാര്‍ വാദിച്ചു.

വഞ്ചനാക്കേസിലാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വ്യാപാരം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നത്. ഇത് വഞ്ചാനാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ഖമറുദ്ദീന്റെ വാദം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.

Exit mobile version