തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുകയാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. ഒരാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് അനുവദിച്ചിരിക്കുന്ന സമയം.

അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങാമെന്ന് അധികൃതര്‍ അറിയിക്കുന്നു. വരണാധികാരികളും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹ വരണാധികാരികളുമാണ് പത്രിക സ്വീകരിക്കുന്നത്.

ജാമ്യ സംഖ്യ അടയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ട്. ട്രഷറിയില്‍ അടച്ചതിന്റെ രസീത് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ഹാജരാക്കിയാലും മതി. പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തദ്ദേശ സ്ഥാപന പരിധിയിലെ വോട്ടര്‍മാര്‍ക്ക് അവിടത്തെ ഏത് വാര്‍ഡിലും മത്സരിക്കാവുന്നതാണ്. നിര്‍ദേശിക്കുന്നവര്‍ അതത് വാര്‍ഡിലെ വോട്ടര്‍മാരായിരിക്കണം. സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. നവംബര്‍ 23 തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.

മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 എന്നീ തീയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16ന് നടക്കും.

Exit mobile version