ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്ത്; ആലപ്പുഴയില്‍ നിന്നും 1750 ലീറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു

ആലപ്പുഴ: ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം വന്‍ സ്പിരിറ്റുവേട്ട. മിനി ബസില്‍ സൂക്ഷിച്ചിരുന്ന 1750 ലീറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ ആര്‍ ബിജുകുമാറും സംഘവും നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.

ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന വാഹനത്തിന്റെ മുകളില്‍ ചെണ്ടകള്‍ നിരത്തിയിരുന്നു. എറണാകുളം ഭാഗത്തു നിന്നു ആലപ്പുഴയ്ക്ക് പോകുന്നതിനിടെ റെയില്‍വെ സ്റ്റേഷനു സമീപം വണ്ടി നിര്‍ത്തിയിട്ടപ്പോഴാണ് രഹസ്യവിവരം ലഭിച്ചെത്തിയ ആലപ്പുഴ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. 35 ലിറ്ററിന്റെ 50 കന്നാസ് വണ്ടിക്കകത്തു നിന്നു കണ്ടെത്തി. അതേസമയം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ അജയന്‍, പ്രിവന്റിവ് ഓഫിസര്‍ എന്‍ പ്രസന്നന്‍, കെ ജയകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടിഡി ദീപു, എസ് ജിനു, എച്ച് മുസ്തഫ, എന്‍പി അരുണ്‍, വി പ്രമോദ്, വര്‍ഗീസ് പയസ്, ഡ്രൈവര്‍ കെപി ബിജു എന്നിവര്‍ പങ്കെടുത്തു.

Exit mobile version