വോട്ടെടുപ്പ് ദിവസം ഇത്തരത്തിലുള്ള മാസ്‌ക് ധരിക്കാന്‍ പാടില്ല; അറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

കാസര്‍കോട്: മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ മാറ്റങ്ങളാണ് കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി ചിഹ്നവും സ്ഥാനാര്‍ത്ഥിയുടെ പേരും അടങ്ങുന്ന മാസ്‌ക് ആണ് ഇതില്‍ പ്രധാനം. നിരവധി പാര്‍ട്ടികളാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമുള്ള മാസ്‌കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുന്നത്.

കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍, വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ ഇത്തരത്തിലുള്ള മാസ്‌ക് ധരിക്കാന്‍ സാധ്യത ഏറേയാണ്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് ദിവസം ബൂത്തുകള്‍ക്ക് സമീപം മാസ്‌ക് ധരിക്കുന്നതിന് നിബന്ധന കൊണ്ട് വന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പഞ്ചായത്തിലെ ബൂത്തുകളില്‍ 200 മീറ്റര്‍ പരിധിയിലും നഗരസഭയിലെ ബൂത്തുകളില്‍ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേര് , ചിഹ്നം എന്നിവ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വ്യവസ്ഥ മാതൃക പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുത്തി.

Exit mobile version