ഇനി നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളങ്ങള്‍ക്ക് ഉത്തമ മാതൃക ആയിരിക്കും കണ്ണൂര്‍ വിമാനത്താവളം; കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

വിമാനത്താവളം വിനോദസഞ്ചാര മേഖലയ്ക്ക് കാര്യമായ മാറ്റമുണ്ടാക്കുമെന്നും പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും പറഞ്ഞ മന്ത്രി സംസ്ഥാന സര്‍ക്കാരിന് നന്ദി പറയാനും മറന്നില്ല

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഉദ്ഘാടന ദിവസമായ ഇന്ന് വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമാണെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഭാവിയില്‍ ഇനി നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം ആയിരിക്കും മാതൃകയെന്നും മന്ത്രി പറഞ്ഞു.വിമാനത്താവളം വിനോദസഞ്ചാര മേഖലയ്ക്ക് കാര്യമായ മാറ്റമുണ്ടാക്കുമെന്നും പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും പറഞ്ഞ മന്ത്രി സംസ്ഥാന സര്‍ക്കാരിന് നന്ദി പറയാനും മറന്നില്ല.

കേന്ദ്രസര്‍ക്കാറിനും സംസ്ഥാനസര്‍ക്കാറിനും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാനാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. കേരളത്തിന് ആവുന്ന പിന്തുണയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പ്രളയത്തിന്റെ സമയത്ത് സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാവിലെ 9.55 ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ്. അബുദാബിയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്.

Exit mobile version