വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു; സംസ്ഥാന ബിജെപി നേതൃത്വത്തില്‍ തമ്മിലടി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തില്‍ തമ്മിലടി രൂക്ഷമാകുന്നു. ഒരാള്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് ബിജെപി വിട്ടത്. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

അതേസമയം, വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു അറിയിച്ചു. നേരത്തെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് രാധാകൃഷ്ണന്‍ രാജിവെച്ചത്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായി അവഗണിച്ചുവെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ബിജെപി തിരുവനന്തപുരം ജില്ലാ മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണും പാര്‍ട്ടി വിട്ടിരുന്നു. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. അതേസമയം, പ്രവീണ്‍ പിന്നീട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. പിന്നാലെയാണ് ബിന്ദുവിന്റെയും രാജി.

സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കളുടെ രാജി തുടരുന്നത്.

Exit mobile version