ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ എംഡിയായ
പൂക്കോയ തങ്ങള്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നു. പൂക്കോയ തങ്ങള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.അതേസമയം, എം സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കി.

എസ്പി ഓഫിസില്‍ ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എംസി കമറുദ്ദീന്‍ പിടിയിലായതോടെ തങ്ങള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് സ്ഥിരീകരണം. കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറില്‍ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകര്‍ ആശങ്കയിലായത്. നിക്ഷേപം തിരികേ കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി എത്തിയത്.

തട്ടിപ്പ് കേസില്‍ ഇതുവരെ 117 കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത് തുടരുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാര്‍ പറഞ്ഞു. അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യഹര്‍ജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും.

Exit mobile version