എം നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഎം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിനൊപ്പം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.

സിപിഎം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായ എം നാരായണന്‍ കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണപ്പെട്ടത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ അഞ്ചോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐസിയുവില്‍ തുടരുകയായിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എറണകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായിരുന്നു. നിലവില്‍ കുഴല്‍മന്ദം ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.

Exit mobile version